Students Talent Enrichment Programme in Social Science (STEPS)
സാമൂഹിക പ്രതിബദ്ധതയും, സാമൂഹ്യശാസ്ത്ര പഠനരംഗങ്ങളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി വളർത്തിയെടുക്കുക, സാമൂഹികാവബോധമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുന്നതിന് വിദ്യാഭ്യാസത്തെ ഉപാധിയാക്കി മാറ്റുക, സമൂഹം നേരിടുന്ന വെല്ലുവിളികളും ആർജ്ജിച്ച അറിവും തമ്മിൽ ബന്ധിപ്പിക്കുവാനും അതുവഴി പ്രശ്ന വിശകലനം നടത്തി നിലപാടുകളും പരിഹാര നിർദേശങ്ങളും രൂപപ്പെടുത്താൻ കുട്ടിയെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. 2018-2019 അധ്യയനവർഷം മുതലാണ് ഈ പദ്ധതി ആരംഭിച്ചത്. കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആറാം ക്ലാസിലെ കുട്ടികളിൽ സ്കൂൾതല, സബ്ജില്ലാതല, ജില്ലാതല സ്ക്രീനിംഗ് ടെസ്റ്റിലൂടെ 84 കുട്ടികളെ തിരഞ്ഞെടുക്കുന്നു. ഈ കുട്ടികൾക്കായി ഏഴുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാനതല അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. അറിവുനിർമ്മാണപ്രക്രിയയിലെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകാൻ അവസരം ഒരുക്കുന്ന പ്രവർത്തനങ്ങളാകും സ്റ്റെപ്‍സിലൂടെ കുട്ടികൾക്ക് ലഭിക്കുക. ഗവേഷണ പ്രവർത്തനങ്ങൾ, വിദഗ്ധരുമായുള്ള അഭിമുഖം, പഠനയാത്രകൾ, സെമിനാറുകൾ, ഗ്രൂപ്പ് ചർച്ചകൾ, സംവാദങ്ങൾ, പ്രാദേശിക ചരിത്രാന്വേഷണം, പ്രോജക്ട്, വിഭവ ഭൂപട നിർമ്മാണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമാകുവാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവസരം ലഭിക്കും. തന്റെ ജീവിത ചുറ്റുപാടുകൾ അറിയുവാനും ലഭിച്ച അറിവുകൾ പ്രയോഗിക്കാനും അന്വേഷണാത്മക സമീപനം സഹായകരമാകും. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും ശാസ്ത്രീയ മനോഭാവവും സാമൂഹിക അവബോധവും വളർത്താനും സഹായകരമാകുന്ന സമീപനമാണ് ഈ പരിപാടിയുടേത്.