എസ്. സി. . ആർ. ടി. – കേരളം

പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ഒരു കേരള സർക്കാർസ്വയംഭരണ സ്ഥാപനമാണ് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ഇ.ആർ.ടി.-കേരളം). ഇത് ദേശീയ തലത്തിലുള്ള എൻ.സി.ഇ.ആർ.ടി.-യുടെ മാതൃകയിൽ സ്ഥാപിതമാണ്, കൂടാതെ പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക കാര്യങ്ങളിൽ ഒരു സുപ്രധാന സ്ഥാപനമായി പ്രവർത്തിക്കുന്നു.നയ രൂപീകരണം, പാഠ്യപദ്ധതി വികസനം, അദ്ധ്യാപന-പഠന സാമഗ്രികൾ തയ്യാറാക്കൽ, വിദ്യാഭ്യാസ ഗവേഷണങ്ങൾ, വിദ്യാഭ്യാസത്തിന്റെ തൊഴിൽവൽക്കരണം എന്നിവ മുതൽ സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസ പരിപാടികൾ വരെ സ്ഥാപനത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഉൾക്കൊള്ളുന്നു.

ദേശീയ തലത്തിൽ എൻ‌.സി‌.ഇ.ആർ‌.ടി-യും സംസ്ഥാനതലത്തിൽ എസ്‌.സി‌.ഇ.ആർ‌.ടി-കളും സ്ഥാപിച്ച് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക അടിത്തറ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ദേശീയ വിദ്യാഭ്യാസനയം ഉയർത്തിക്കാട്ടി. 1994-ലാണ് കേരളത്തിൽ എസ്‌സി‌ഇആർ‌ടി സ്ഥാപിതമായത്.

പാഠ്യപദ്ധതി രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുക, വിഭവ സാമഗ്രികൾ തയ്യാറാക്കുക, കേരളത്തിലെ സ്കൂളുകളിൽ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്ന മൂല്യനിർണ്ണയ സംവിധാനം വികസിപ്പിക്കുക എന്നിവയിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള സംരംഭങ്ങൾക്ക് എസ്‌സി‌ഇആർ‌ടി പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ഒരു പുതിയ ദർശനം പ്രാപ്തമാക്കുന്നതിനായി നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ (എസ്.ഐ.ഇ) എസ്‌.സി‌.ഇ.ആർ‌.ടി ആയി പുനഃസംഘടിപ്പിക്കുകയാണുണ്ടായത്.