1.അധ്യാപകർക്കായുള്ള എസ്‌.സി‌.ഇ.ആർ‌.ടി. പ്രോഗ്രാമുകൾ എന്തൊക്കെയാണ് ?

എല്ലാ വർഷവും എസ്‌.സി‌.ഇ.ആർ‌.ടി. വിപുലമായ അധ്യാപക പരിശീലന പരിപാടികളും പ്രത്യേക വിഷയങ്ങളിൽ പ്രത്യേക മേഖലകളെ കേന്ദ്രീകരിച്ചുള്ള പരിപാടികളും നടത്തുന്നു. അധ്യാപക പരിശീലനത്തിന്റെ ചുമതലയുള്ള ഡയറ്റ് ഫാക്കൽറ്റികൾക്ക് പരിശീലനം നൽകുന്നു. സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഗവേഷണ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് ഗവേഷകർക്ക് പരിശീലനം നൽകുന്നു.

2. സ്കൂൾ പാഠ്യപദ്ധതി എങ്ങനെ രൂപപ്പെടുത്തുന്നു? അധ്യാപകർക്ക് ഈ പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയുമോ ?

വിദ്യാഭ്യാസ വിദഗ്ധർ, വിഷയ വിദഗ്ധർ, എസ്‌.സി‌.ഇ.ആർ‌.ടി. സ്റ്റാഫ്, ഡയറ്റ് സ്റ്റാഫ്, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള വിപുലമായ പ്രക്രിയയാണ് പാഠ്യപദ്ധതി തയ്യാറാക്കൽ. സാധാരണഗതിയിൽ ഇതൊരു സങ്കീർണ പ്രക്രിയയാണ്. നയരേഖ അല്ലെങ്കിൽ സമീപനരേഖ വികസിപ്പിക്കുന്ന പ്രവർത്തനത്തിലൂടെയാണ് ഇത് ആരംഭിക്കുന്നത്. തുടർന്ന് വിവിധ വിഷയങ്ങളുടെയും വിദ്യാഭ്യാസഘട്ടങ്ങളുടെയും സമീപനരേഖ പൂർത്തീകരിക്കുന്നു. ഓരോ ക്ലാസ്സിനും വിഷയത്തിനുമുള്ള പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുകയും അത് പാഠ്യപദ്ധതിയുടെ പൊതുവായ സ്വഭാവത്തെയും പിന്തുടരേണ്ട അധ്യാപന തത്വങ്ങളെയും സൂചിപ്പിക്കുകയും ചെയ്യും. പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ തയ്യാറാക്കുന്നു.

3. എസ്‌.സി‌.ഇ.ആർ‌.ടി. നടത്തുന്ന സ്‌കോളർ‌ഷിപ്പ് പരീക്ഷകൾ ഏതൊക്കെയാണ് ?

എൻ‌.ടി‌.എസ്. (നാഷണൽ ടാലന്റ് സെർച്ച്) പരീക്ഷ, എൻ‌.എം‌.എം‌.എസ്. (നാഷണൽ മെറിറ്റ് കം മീൻസ് സ്‌കോളർ‌ഷിപ്പ്) പോലുള്ള ദേശീയതല സ്‌കോളർ‌ഷിപ്പ് പരീക്ഷകൾക്കായി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് എസ്‌.സി‌.ഇ.ആർ‌.ടി. സംസ്ഥാനതല സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നു.

4. വിദ്യാർത്ഥികളുടെ പ്രതിഭ പരിപോഷിപ്പിക്കുന്നതിന് എസ്‌.സി‌.ഇ.ആർ‌.ടി. സ്വീകരിച്ചുവരുന്ന സംരംഭങ്ങൾ എന്തൊക്കെയാണ് ?

സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി STEPS, NuMATS പോലുള്ള പ്രോഗ്രാമുകൾ എസ്‌.സി‌.ഇ.ആർ‌.ടി. സംഘടിപ്പിക്കുന്നു.

വിവിധ തലത്തിലുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തുന്നതിലൂടെ, ആറാം ക്ലാസിൽ നിന്ന് 40 വിദ്യാർത്ഥികളെ ഓരോ വർഷവും തിരഞ്ഞെടുക്കും. പന്ത്രണ്ടാം ക്ലാസ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി ദേശീയതല വിദഗ്ധരുടെ പങ്കാളിത്തത്തോടെ സംസ്ഥാനതല ക്യാമ്പുകൾ സംഘടിപ്പിക്കും.

5. വിദ്യാഭ്യാസ ഗവേഷണങ്ങളെ എസ്‌.സി‌.ഇ.ആർ‌.ടി. എങ്ങനെ പിന്തുണയ്ക്കുന്നു? എസ്‌.സി‌.ഇ.ആർ‌.ടി.-ക്ക് കീഴിലുള്ള ഗവേഷണങ്ങളിൽ പങ്കെടുക്കാൻ അർഹതയുള്ളവർ ആരൊക്കെയാണ് ?

എല്ലാ വർഷവും സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള ഗവേഷണങ്ങൾക്ക് എസ്‌.സി‌.ഇ.ആർ‌.ടി. അപേക്ഷ ക്ഷണിക്കുന്നു. വ്യക്തിഗത ഗവേഷകർ ഏറ്റെടുക്കുന്ന അത്തരം ഗവേഷണ പ്രോജക്ടുകൾക്ക് ധനസഹായം നൽകുന്നത് എസ്‌.സി‌.ഇ.ആർ‌.ടി. ആണ്. സ്കൂളുകളിലെ മികച്ച പഠനമാതൃകകൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന പതിവുമുണ്ട്. സ്കൂൾ അധിഷ്ഠിത പ്രോജക്ടുകളും സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങളും ഗവേഷണ ജേർണലുകളിൽ പ്രദർശിപ്പിക്കുന്നു. സ്കൂൾ അധ്യാപകർക്കും ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾക്കും എസ്‌.സി‌.ഇ.ആർ‌.ടി. ഗവേഷണങ്ങളിൽ പങ്കെടുക്കാൻ അർഹതയുണ്ട്. നിർദ്ദിഷ്ട നിബന്ധനകൾക്ക് വിധേയമായി എൻ‌ജി‌ഒകൾക്കും വ്യക്തിഗത ഗവേഷകർക്കും പിന്തുണ നൽകാറുണ്ട്.

6. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) നടത്തുന്നതിൽ എസ്‌.സി‌.ഇ.ആർ‌.ടി.-യുടെ പങ്ക് എന്താണ് ?

ടി.ഇ.ടി-യുടെ നടത്തിപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ, സിലബസ്, സാമ്പിൾ ചോദ്യങ്ങൾ എന്നിവ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ അക്കാദമിക് അതോറിറ്റിയാണ് എസ്‌.സി‌.ഇ.ആർ‌.ടി. എസ്‌.സി‌.ഇ.ആർ‌.ടി., കേരളം പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കും എൻ‌.സി‌.ടി‌.ഇ./പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ നിർദ്ദേശിച്ച മറ്റ് നിയമങ്ങൾ, ചട്ടങ്ങൾ, നയങ്ങൾ എന്നിവയ്ക്കും അനുസൃതമായി കേരളത്തിലെ പരീക്ഷാ ഭവൻ ഈ യോഗ്യതാപരീക്ഷ നടത്തുന്നു.

ആർടിഇ നിയമത്തിലെ സെക്ഷൻ 2-ലെ ക്ലോസ്(എൻ)-ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും സ്കൂളുകളിൽ അദ്ധ്യാപകനായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള ഒരാൾ അവൾ/അവൻ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (ടി.ഇ.ടി) പാസാകണം എന്നതാണ്. കേരളത്തിലെ ഈ യോഗ്യതാപരീക്ഷ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി) എന്നാണ് അറിയപ്പെടുന്നത്.